കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ നടത്തിയ റെയ്ഡിൽ പിടിയിലായവരിൽ ഒരാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. എറണാകുളം ഇടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും എന്ന് എൻ ഐ എ വൃത്തങ്ങൾപറഞ്ഞു. മുബാറക്കിനെ ഇന്നലെ രാവിലെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തതായി നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിലാണ് ഇന്നലെ രാവിലെ എൻ ഐ റെഡ് നടത്തിയത്. നിരോധനശേഷവും സംഘടനയുടെ പ്രവർത്തനങ്ങൾ തുടരുന്നു എന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്നായിരുന്നു റെയ്ഡ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യലിനായി വിളിച്ചിട്ടുണ്ടെന്നും എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ വീണ്ടും സജീവമാക്കാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നതായി എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഇതില്‍ പലരും പിഎഫ്ഐ നിരോധനം മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. പിഎഫ്‌ഐയുടെ പ്രധാന സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളാണെന്ന് എന്‍ഐഎ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പിഎഫ്‌ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ റെയ്‌ഡെന്നും സൂചനയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റു പേരുകളില്‍ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.