ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ ചുമയ്ക്കുള്ള ഇന്ത്യൻ നിർമ്മിത സിറപ്പ് കുടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് സിറപ്പിന്റെ ഉത്പാദനം നിർത്തിവെച്ചതായി മരിയോൺ ബയോടെക് ഫാർമ കമ്പനിയുടെ നിയമ മേധാവി ഹസൻ ഹാരിസ് പറഞ്ഞു. കുട്ടികളുടെ മരണത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ഉസ്ബക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ടിൻറെ കൂടുതൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക്കിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം കിട്ടും വരെ യൂണിറ്റ് അടച്ചിടാനാണ് കേന്ദ്രം നിർദേശം നൽകിയത്
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മരിയോൺ ബയോടെക്കിന്റെ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായി കഴിഞ്ഞദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. സിറപ്പിൽ കാണാൻ പാടില്ലാത്ത എഥിലീൻ ഗ്ലൈക്കോൾ മരുന്നിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരുന്നു കഴിച്ച കുട്ടികൾ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെയാണ് മരുന്നുകഴിച്ചതെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവിച്ചു. പ്രാഥമിക പരിശോധനയിൽ ഒരു പ്രത്യേക ബാച്ചിന്റെ മരുന്നുകളിൽ മാത്രമാണ് എഥിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. അപകടത്തിന് കാരണമായ മരുന്നിന്റെ സാമ്പിളുകൾ ശേഖരിച്ചു കൂടുതൽപരിശോധന നടത്തിവരികയാണ്. സംഭവത്തിന് പിന്നാലെ മരുന്നിന്റെ നിർമ്മാണം പൂർണമായി നിർത്തിവച്ചിരിക്കുകയാണ്കമ്പനി. പദാർത്ഥം വിഷാംശമുള്ളതാണെന്നും ഉള്ളിൽ ചെന്നാൽ ഛർദ്ദി ബോധക്ഷയം, ഹൃദയാഘാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുമെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.