കൊച്ചി: ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഫ്ലാറ്റ് അസോസിയേഷൻ സദാചാര പോലീസ് കളിക്കുന്നുവെന്ന് വ്യാപകമായ പരാതി.കൊച്ചി കാക്കനാട് ഉള്ള ഒലിവ് കോർഡ് യാർഡ് ഫ്ലാറ്റ് അസോസിയേഷന് എതിരെയാണ് പരാതി. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന 64 കുടുംബങ്ങളാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഫ്ലാറ്റ് അസോസിയേഷൻ സുരക്ഷയുടെ പേരിൽ ഫ്ലാറ്റിൽ താമസിക്കുന്നവരോട് കാട്ടിക്കൂട്ടുന്ന സദാചാര പെരുമാറ്റ ചട്ടങ്ങളാണ് താമസക്കാർക്ക് തലവേദനയായി തീരുന്നത്. ദമ്പതിമാർക്ക് പോലും വിവാഹ സർട്ടിഫിക്കറ്റ് കാണിച്ചു കഴിഞ്ഞാൽ മാത്രമേ അകത്ത് പ്രവേശനം സാധ്യമാകൂ എന്ന അവസ്ഥയാണ് ഉള്ളതെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു. ദിവസവും തിരിച്ചറിയൽ കാർഡ് കാണിച്ചു കഴിഞ്ഞാൽ മാത്രമേ ഫ്ലാറ്റിനുള്ളിൽ പ്രവേശനം ലഭിക്കൂവെന്നും പരാതിയുണ്ട്.മതിയായ രേഖകൾ കാണിക്കാത്തതിന്റെ പേരിൽ മകൻ ഫ്ലാറ്റിൽ ഉണ്ടെന്നു പറഞ്ഞിട്ട് പോലും അച്ഛനമ്മമാരെ ഫ്ലാറ്റിന്റെ സെക്യൂരിറ്റി പുറത്തുനിർത്തിയ സാഹചര്യങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും പരാതിയുണ്ട്.
ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ക്രിമിനൽ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഫ്ലാറ്റിൽ താമസിക്കുന്നവരുടെ പേര് വിവരങ്ങൾ സൂക്ഷിക്കണം എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പേര്പറഞ്ഞാണ് ഫ്ലാറ്റ് അസോസിയേഷൻ സദാചാര പോലീസ് കളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് താമസക്കാർ പരാതി നൽകിയിരിക്കുന്നത്. അഞ്ച് ടവറുകളിലായി 500ൽ അധികം ഫ്ലാറ്റുകൾ ഇവിടെയുണ്ട്. ഐടി പ്രൊഫഷണൽ ഉൾപ്പെടെ താമസിക്കുന്ന ഫ്ലാറ്റ് ആണിത്. എന്നാൽ സുരക്ഷയുടെ പേരിൽ പോലീസ് നിർദ്ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളത് എന്നാണ് അസോസിയേഷന്റെ പ്രതികരണം.