ഒരു മാസത്തോളമായി അരിക്കൊമ്പൻ ദൗത്യവുമായി ചിന്നക്കനാലിൽ തുടരുന്ന കുങ്കിയാനകളുടെ താവളം മാറ്റി. 301 കോളനിക്കടുത്തുള്ള ഭാഗത്തേക്കാണ് കുങ്കിയാനകളെ മാറ്റിയത്. ആള്‍ക്കൂട്ടം കുങ്കിയാനകളെ പ്രകോപിതരാക്കുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാനപ്രശ്‌നമായി മാറുന്നുണ്ടെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു. കൂടാതെ അരിക്കൊമ്പനും ചക്കക്കൊമ്പനും താവളത്തിന് സമീപമെത്തുന്നത് സ്ഥിരമായതുമാണ് ക്യാമ്പ് മാറ്റാൻ കാരണം. ശാന്തൻപാറക്കടുത്ത് ഗൂഡം പാറയിലേക്കാണ് ആദ്യം കുങ്കിയാനകളെ മാറ്റാൻ തീരുമാനിച്ചത്. എന്നാൽ ഇവിടെ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ സന്ദർശകരെത്താത്ത 301 കോളനി ഭാഗത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
അവധിക്കാലമായതോടെ ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണവും കൂടി. കുങ്കികളെ കാണാനെത്തുന്ന സഞ്ചാരികളെ ആക്രമിക്കാൻ അരിക്കൊമ്പനും കാട്ടാനക്കൂട്ടവും പല തവണ പാഞ്ഞടുത്തിട്ടുണ്ട്. കുങ്കികളെയും സഞ്ചാരികളെയും കാട്ടാന ആക്രമിക്കുന്നത് തടയാൻ വനംവകുപ്പും പാപ്പാന്മാരും ഏറെ പണിപ്പെടുകയാണ്.
അതെസമയം സർക്കാർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതോടെ ദൗത്യം ഇനിയും നീളുമെന്ന കാര്യം ഉറപ്പായി. ദൗത്യം നീളുന്നത് വൻ സാമ്പത്തിക ബാധ്യതക്കും കാരണമായിട്ടുണ്ട്. പത്ത് ലക്ഷം രൂപയോളം വനം വകുപ്പ് ഇതിനകം ചെലവഴിച്ചെന്നാണ് വിവരം. ഇതിനിടെ അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോൾ ഘടിപ്പിക്കേണ്ട ജിപിഎസ് കോളർ ഇന്ന് കോയമ്പത്തൂരിൽ എത്തുമെന്നും ചൊവ്വാഴ്ചയോടെ ഉദ്യോഗസ്ഥർ മൂന്നിറിലെത്തിച്ചേക്കും എന്നും അറിയുന്നുണ്ട്.