കൊച്ചി: കൊച്ചിയിലെ മരടിൽ പൊളിച്ചു നീക്കിയ ഫ്ലാറ്റിന്റെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനായി കമ്പനി ഉടമയുടെ സ്വത്തുക്കൾ ലേലം ചെയ്യാൻ തീരുമാനിച്ചു. ഫ്ലാറ്റ് ഉടമകൾക്കും സർക്കാരിനും കോടതി നിർദേശിച്ച നഷ്ടപരിഹാരത്തുക കമ്പനി ഉടമ നൽകാത്തതിനെ തുടർന്നാണ് നടപടി. ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്‌സ് ഉടമ സാനി ഫ്രാൻസിസിന്റെ വസ്തുവകകളാണ് ലേലം ചെയ്യുന്നത്.
ഫെബ്രുവരി നാലിന് രാവിലെ 11 മണി മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആണ് പരസ്യലേലം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കണിയന്നൂർ താലൂക്കിലെ മരട് വില്ലേജിലെ ഏഴാം ബ്ലോക്ക് നമ്പറുകളിൽ ഉള്ളതും കാക്കനാട് വില്ലേജിലെ എട്ടാം ബ്ലോക്ക് നമ്പറിലുമുള്ള വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ടെൻഡർ നടപടികൾ ഫെബ്രുവരി മൂന്നിന് വൈകിട്ട് 5 മണിക്ക് മുൻപായി കണിയന്നൂർ സ്പെഷ്യൽ തഹസിൽദാർ മുൻപാകെ പൂർത്തിയാക്കണം. തീരദേശ നിയമം ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലാണ് മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയത്. 325 ഓളം കുടുംബങ്ങളെ ഫ്ലാറ്റിൽ നിന്നും ഒഴിപ്പിച്ച ശേഷമാണ് ഫ്ളാറ്റുകൾ പൊളിച്ചത്. തീരദേശ നിയമം ലംഘിച്ച് നിർമ്മാണ പ്രവർത്തനം നടത്തിയവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരമായ 62 കോടിയോളം രൂപ സർക്കാരാണ് നൽകിയിരുന്നത്. ഈ തുക ഫ്ലാറ്റ് നിർമാതാക്കളിൽ നിന്നും ഈടാക്കുന്നതിനായി സംസ്ഥാന സർക്കാരും കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സർക്കാരിനും ഫ്ലാറ്റ് ഉടമകൾക്കും നഷ്ടപരിഹാരം നൽകാൻ കമ്പനി ഉടമയുടെ സ്വത്തു വകകൾ ലേലം ചെയ്യാൻ തീരുമാനമായത്.