കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ചെടിക്കുളം സ്വദേശിയായ കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫാമിലെ മൂന്നാം ബ്ലോക്കില്‍ വെച്ചാണ് സംഭവം.
പ്രസാദിന് താടിയെല്ലിന് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇന്നലെ രാത്രി മടങ്ങിവരാതിരുന്ന പ്രസാദിനെ അന്വേഷിച്ച് ചെന്നവരാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആറളത്ത് അടിക്കടി വന്യജീവി ആക്രമണങ്ങൾ നടക്കുന്നുണ്ട്.
രണ്ടാഴ്ച മുൻപാണ് കാട്ടാനയുടെ ആക്രമണത്തിൽ ആറളം ഫാമിൽ ആദിവാസി ദമ്പതിമാർ കൊല്ലപ്പെട്ടത്. പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് കാട്ടാന ഇവരെ ചവിട്ടിക്കൊന്നത്.