തിരുവനന്തപുരം: സിപിഎം മതത്തിനെതിരല്ല എന്ന് സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ. മതവിരുദ്ധവും വിശ്വാസവിരുദ്ധവുമായ ഒന്നുംതന്നെ പുതിയ പാഠ്യപദ്ധതിയിൽ ഉണ്ടാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. പാഠ്യപദ്ധതി സംബന്ധിച്ച് ആർക്കും ആശങ്കവേണ്ട എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിക്കിടയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിശ്വാസികൾക്ക് എതിരായോ മതത്തിനെതിരായോ യുക്തിവാദ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകുന്നത് സർക്കാരിന്റെ നയമല്ല എന്നും ജനങ്ങളെ ചേർത്തുനിർത്തി മുന്നോട്ടു പോവുകയാണ് പാർട്ടിയും സർക്കാരും ചെയ്യുന്നതെന്നും എം ഗോവിന്ദൻ വ്യക്തമാക്കി. മതസ്വാതന്ത്ര്യം സംരക്ഷിക്കുക ആണ് പാർട്ടിയുടെ നിലപാടെന്നും അതിൽ മതവിരുദ്ധമായ ഒന്നിനും സ്ഥാനമില്ലെ അതുകൊണ്ടുതന്നെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ ആർക്കും യാതൊരുവിധ ആശങ്കയും വേണ്ടയെന്ന് അദ്ദേഹം പറഞ്ഞു. പുത്തൻപള്ളി അറബിക്കോളേജ് സന്ദർശിക്കുന്നതിനിടെയാണ് ഗോവിന്ദന്റെ പരാമർശം. പുതിയ പാഠ്യപദ്ധതിയുടെ ആവിഷ്കരണം തങ്ങൾക്ക് എതിരാണെന്ന് മുസ്ലിംസമുദായത്തിലെ ഒരു വിഭാഗം പ്രചരണം നടത്തിയിരുന്നു. ഇതിനു മറുപടിയായാണ് പാർട്ടിപദ്ധതിയിൽ മതവിരുദ്ധമോ ദൈവവിരുദ്ധമോ ആയിട്ടുള്ള ഒരുനിലപാടും സർക്കാർ എടുക്കുകയില്ല എന്ന് ഗോവിന്ദൻ പറഞ്ഞത്. ജനങ്ങളെ മാറ്റി നിർത്തി ഒരു പരിപാടിയും ഇല്ല എന്നും ജനങ്ങൾക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും നടപ്പിലാക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലോകസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗൃഹസന്ദർശന പരിപാടി ഇന്നുമുതലാണ് ആരംഭിച്ചത്. ജനുവരി 21 വരെയാണ് പരിപാടി. പൗരത്വനിയമം മുതൽ വിശ്വാസസംരക്ഷണം വരെ ഗൃഹസന്ദർശന പരിപാടിയിൽ ചർച്ച ആക്കിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉൾപ്പെടുന്ന സംഘം ആയിരിക്കും ഗൃഹ സന്ദർശനം നടത്തുക. സർക്കാരിന്റെ നേട്ടങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഗൃഹ സന്ദർശന പരിപാടിയുടെ ലക്ഷ്യമെന്നും എം ഗോവിന്ദൻ പറഞ്ഞു