കവിയും ഗാനരചയിതാവും നാടകകൃത്തുമായ ബീയാർ പ്രസാദ് അന്തരിച്ചു. 62 വയസ്സായിരുന്നു. ചികിത്സയ്ക്കായി തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോകും വഴി ചങ്ങനാശ്ശേരിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
1961ൽ കുട്ടനാട്ടിലെ മങ്കൊമ്പിൽ ആണ് ബീയാർ പ്രസാദ് ജനിച്ചത്. ചെറുപ്പത്തിൽ ബി ആര്‍ പ്രസാദ് എന്ന പേരിൽ കഥകൾ എഴുതിയിരുന്നു. എന്നാൽ ആ പേരിൽ മറ്റൊരു എഴുത്തുകാരൻ ഉണ്ടെന്ന് അറിഞ്ഞതോടെ ബി ആര്‍ പ്രസാദിൽ നിന്നും ബീയാർ പ്രസാദിലേയ്ക്ക് ചേക്കേറുകയായിരുന്നു. ബി രാജേന്ദ്ര പ്രസാദ് എന്നാണ് ശരിക്കുള്ള പേര്. 1993ൽ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ബീയാർ പ്രസാദ് നിരവധി ഹിറ്റ് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ജലോത്സവം എന്ന ചിത്രത്തിലെ കേരനിരകളാടും എന്ന് തുടങ്ങുന്ന ഗാനവും, കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ഒന്നാം കിളി പൊന്നാൺ കിളി എന്ന ഗാനവും, വെട്ടം ചിത്രത്തിലെ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ എന്ന ഗാനവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനങ്ങളാണ്. 30 ഓളം സിനിമകൾക്ക് വേണ്ടി 200 ൽപരം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇരുവട്ടം മണവാട്ടി, സര്‍ക്കാര്‍ ദാദ, ബംഗ്ലാവില്‍ ഔദ, ലങ്ക, ഒരാള്‍, ജയം, സീത കല്യാണം, കള്ളന്റെ മകന്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. 2018 ല്‍ റിലീസ് ചെയ്ത ലാല്‍ജോസ് ചിത്രം തട്ടിന്‍ പുറത്ത് അച്യുതന് വേണ്ടിയാണ് ഒടുവില്‍ ഗാനരചന ചെയ്തത്. അദ്ദേഹത്തിന്റെതായി ചന്ദ്രോത്സവം എന്ന പേരിൽ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭരതനൊപ്പം ‘ചമയ’ ത്തിൽ സഹസംവിധായകനും ആയി. പതിനഞ്ച് വർഷത്തോളം ചാനൽ അവതാരകനുമായിരുന്നു ബീയാർ പ്രസാദ്.