തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വിതരണം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിന് അധ്യക്ഷത വഹിക്കുന്നത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ്. മികച്ച സംവിധായകന് ഫാസിൽ റസാഖ്, നടൻ ഇഷാഖ് കെ, നടി കാതറിൻ എന്നിവരും മികച്ച രണ്ടാമത്തെ നടൻ മണികണ്ഠൻ പട്ടാമ്പി, നടി ജോളി ചിറയത്ത് എന്നിവരും മന്ത്രി സജി ചെറിയാനിൽ നിന്നും പുരസ്കാരം സ്വീകരിക്കും.
ചടങ്ങിൽ ടെലിവിഷൻ അവാർഡ് ബുക്ക്, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന് നൽകി പ്രകാശനചടങ്ങ് നിർവഹിക്കും. മാധ്യമപ്രവർത്തകർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. സാംസ്കാരിക സാമൂഹിക മേഖലയിലുള്ളവർ പങ്കെടുക്കും. അവാർഡ് വിതരണത്തിനു ശേഷം ഗസലുകളും പഴയ പാട്ടുകളും ഉൾപ്പെടുത്തിയ റാസാ ബീഗം നൈറ്റ് എന്ന സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്.