കൊച്ചി: കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും 55 വയസ്സ് കഴിഞ്ഞ പുരുഷനും ചികിത്സ നിഷേധിക്കുന്ന ചട്ടത്തിലാണ് ഹൈക്കോടതിയുടെ ഭേദഗതി ഉത്തരവ്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയിട്ടുള്ളവർക്ക് ചികിത്സ തുടരാമെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. ജസ്റ്റിസ് ബി ജി അരുണിന്റേതാണ് വിധി.
കൃത്രിമ ഗർഭധാരണത്തിന്റെ ഭാഗമായി ചികിത്സയിലിരിക്കുന്ന പ്രായപരിധി കഴിഞ്ഞ 28 പേരുടെ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. പുതിയ ഭേദഗതി അനുസരിച്ച് ഇവർക്ക് ചികിത്സ പൂർത്തിയാക്കാൻ കോടതി അനുമതി നൽകി. ഗർഭധാരണം ഇവർക്ക് നിഷേധിക്കുന്നത് യുക്തിരഹിതവും ഏകപക്ഷീയവും കാരണങ്ങൾ ഇല്ലാത്തതും അവകാശ ലംഘനവും ആണെന്ന് ഹൈക്കോടതി വിലയിരുത്തി. കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ആർ ടി ബിൽ 2021 അവസാനമാണ് പാർലമെന്റ് പാസാക്കിയത്. കൃത്രിമ ഗർഭധാരണ സാങ്കേതിക നിയന്ത്രണ നിയമം 2022 വകുപ്പ് 21(ജി) പ്രകാരം കൃത്രിമ ഗർഭം ധരിക്കുന്ന ദമ്പതികളിൽ പുരുഷന്മാർക്ക് 55 ഉം സ്ത്രീകൾക്ക് 50 വയസ്സും തികയാൻ പാടില്ലെന്ന് പറയുന്നുണ്ട്. നിയമം പ്രാബല്യത്തിൽ വന്ന സമയം ചികിത്സ നടത്തിയവർക്കും ഈ ചട്ടങ്ങൾ ബാധകമായി. ഇതിനെതിരെയാണ് മുപ്പത് ദമ്പതികൾ ഹൈക്കോടതിക്ക് ഹർജി നൽകിയത്.
ഉയർന്ന പ്രായപരിധി സംബന്ധിച്ച് പുന പരിശോധന നടത്തുന്നതിനായി നാഷണൽ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ആൻഡ് സറോഗസി ബോർഡ് കേന്ദ്രസർക്കാരിനെ സമീപിച്ച് റിപ്പോർട്ട് തയ്യാറാക്കി മൂന്നുമാസത്തിനുള്ളിൽ ഹൈക്കോടതിയെ അറിയിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. കൃത്രിമ ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞിന് പ്രായപൂർത്തിയാകുമ്പോൾ മാതാപിതാക്കളുടെ പ്രായം കൂടി കണക്കുകൂട്ടിയാണ് സ്ത്രീകൾക്ക് 50ഉം പുരുഷന്മാർക്ക് 55 ഉം ആയി പ്രായപരിധി ചുരുക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടപെടലിൽ ഇനി കേന്ദ്രസർക്കാറിന്റെ നിലപാടാണ് പ്രധാനം.