കളമശ്ശേരി കൈപ്പടമുക്കിലെ വാടകവീട്ടിൽ നിന്നും അഴുകിയ ഇറച്ചി പിടിച്ചെടുത്ത സംഭവത്തിൽ സ്ഥാപന ഉടമ ജുനൈസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സഹായിയായ മണ്ണാർക്കാട് സ്വദേശി നിസാബിനെയും പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനിയിൽ നിന്നും തിങ്കളാഴ്ച രാത്രി പിടികൂടിയ സ്ഥാപന ഉടമ ജുനൈസിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. അഴുകിയതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് തമിഴ്നാട്ടിൽ നിന്നും ഇറച്ചികൊണ്ടു വന്നതെന്നും സൂക്ഷിച്ചതെന്നും ജുനൈസ് സമ്മതിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും പിടിച്ചെടുത്ത ബില്ലുകളിലെ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ഇടപാട് നടത്തിയിട്ടുണ്ടെന്നും ജുനൈസ് പറഞ്ഞു. ഇന്ന് രണ്ടുമണിക്ക് ജുനൈസിനെ കോടതിയിൽ ഹാജരാക്കും.
ജീവന് ആപത്തുണ്ടാകും എന്നറിഞ്ഞിട്ടും മാരകമായവിഷം നൽകുന്നതുമായ ബന്ധപ്പെട്ട വകുപ്പായ ഐപിസി 328 ആണ് ജുനൈസിനെതിരെ ചുമത്തിയിട്ടുള്ളത്. 10 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നുമാണ് ഇറച്ചി വില്പനയ്ക്കായി എത്തിക്കുന്നതെന്നും ജുനൈസിന്റെ സഹായിയായി ഒരാൾ കൂടി ഉണ്ടെന്നും പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം ജുനൈസിന്റെ ഫോൺ പോലീസ് പരിശോധിച്ചിരുന്നു. തുടർന്ന് നിസാബിനെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. സുനാമി ഇറച്ചി റാക്കറ്റിലേക്ക് എത്താനുള്ള പ്രധാന കണ്ണിയും ജുനൈസാണെന്ന് പോലീസ് പറഞ്ഞു.