തിരുവനന്തപുരം: ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് ആയ എസ് എസ് എൽ വി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 9.18 ഓടുകൂടിയാണ് എസ് എസ് എൽ വി ഡി 2 റോക്കറ്റിനെ 3 ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു എന്ന് ഐഎസ്ആർഒ അറിയിച്ചു.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന ആദ്യ വിക്ഷേപണം സെർവർ തകരാറുമൂലം പരാജയപ്പെട്ടിരുന്നു. രണ്ടാംവട്ടം വിജയത്തിലെത്തിക്കാനുള്ള ഐഎസ്ആർഒയുടെ കഠിന പരിശ്രമമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. വിക്ഷേപണം നടത്തി 15 മിനിറ്റുകൾക്കുള്ളിൽ ഉപഗ്രഹങ്ങൾ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
മൂന്ന് ഉപഗ്രഹങ്ങളെയാണ് വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 07, അമേരിക്കൻ കമ്പനി അന്റാരിസിന്റെ ജാനസ് 1, ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നീ ഉപഗ്രഹങ്ങളെയാണ് ഇപ്പോൾ ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ ആസാദി സാറ്റ് 2 ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയിലൂടെ 750 പെൺകുട്ടികൾ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ്. ഇതിന് 8.7കി ഗ്രാം ഭാരമാണുള്ളത്.
ഐഎസ്ആർഒയുടെ ഏറ്റവും ചിലവ് കുറഞ്ഞ റോക്കറ്റ് ആയ എസ്എസ്എൽവി യ്‌ക്ക് 34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവും ഉണ്ട്. 120 ടൺ ഭാരമുള്ള ഇതിന് 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശേഷിയുണ്ട് .