കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിൽ ഉണ്ണി മുകുന്ദനെതിരെയുള്ള വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു. കൊച്ചിയിലെ ഫ്ലാറ്റിൽ തിരക്കഥ പറയാൻ എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചു എന്നുമാണ് ഉണ്ണി മുകുന്ദന് എതിരെയുള്ള കേസ്. ഹൈക്കോടതി കോഴ കേസിൽ കോടതി അഭിഭാഷകഅസോസിയേഷൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ച സൈബി ജോസ് വാങ്ങിയെടുത്ത അനുകൂല വിധിക്കെതിരെയാണ് കോടതിയുടെ നടപടി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായി സൈബി കോടതിയില്‍ രേഖ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ അനുവദിച്ചത്. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് കോടതിയിൽ സമർപ്പിച്ചത് ഗുരുതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസ് ഒത്തുതീർപ്പാക്കി എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ ഭാഗം കോടതിയെ ബോധിപ്പിച്ചത്. എന്നാൽ ഒത്തുതീർപ്പ് ഉണ്ടായിട്ടില്ല എന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാൻ ആകില്ല എന്ന് കോടതി നിരീക്ഷിച്ചു. ഇതിന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ മറുപടി പറഞ്ഞേ മതിയാകൂ എന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ സൈബി ജോസ് ഇന്ന് കോടതിയിൽ ഹാജരായില്ല. തുടർന്ന് ഉണ്ണി മുകുന്ദനോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു.