അരിക്കൊമ്പൻ വിഷയത്തിൽ ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവന്നാൽ സമരം ശക്തമാക്കുമെന്ന് കെ ബാബു എംഎൽഎ. അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കെ ബാബുവിന്‍റെ നേതൃത്വത്തിൽ ഇന്ന് പറമ്പിക്കുളത്തെ പ്രദേശവാസികൾ സത്യാഗ്രഹസമരം ചെയ്യുകയാണ്. ജനവാസം കുറഞ്ഞ വന വിസ്തൃതിയേറിയ ഭാഗത്തേക്ക് ആനയെ കൊണ്ടു വിടണം. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല സമീപനമാണ് ഉണ്ടായത്. കോടതിയിൽ നിന്ന് മറിച്ചൊരു തീരുമാനം ഉണ്ടായാൽ സമരം ശക്തമാക്കുമെന്നും എംഎൽഎ പറഞ്ഞു.
അരിക്കൊമ്പൻ വിഷയത്തിൽ വനം വകുപ്പിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം നടത്തി. എങ്ങനെ പണി എടുക്കാതെ ഇരിക്കാൻ പറ്റും എന്നാണ് ഡിപ്പാർട്ട്മെൻ്റ് നോക്കുന്നത്. ആർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു. അരിക്കൊമ്പൻ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം.