ശബരിമലയിൽ മകരവിളക്ക് ദിവസം ദീപാരാധന കഴിഞ്ഞ് തൊഴാൻ എത്തിയ ഭക്തരെ വാച്ചർ തള്ളിമാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തീർത്ഥാടകരെ തള്ളാൻ ആരാണ് അദ്ദേഹത്തിന് അനുവാദം നൽകിയതെന്ന് കോടതി ചോദിച്ചു. എങ്ങനെ ഇയാൾ ഭക്തരുടെ ദേഹത്ത് തൊടുമെന്നും കോടതി ചോദിച്ചു. ഭക്തർ മണിക്കൂറുകൾ ക്യൂ നിന്നാണ് ദർശനത്തിന് എത്തിയത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി സംഭവത്തിന്റെ വീഡിയോ കോടതി പരിശോധിക്കുകയാണ്. ദേവസ്വം വാച്ചറെ കേസിൽ കക്ഷിയാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ബോധപൂർവ്വം ചെയ്ത സംഭവമല്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ എങ്ങനെ ഈ പ്രവർത്തിയെ ന്യായീകരിക്കാൻ ആകുമെന്ന് സർക്കാറിനോട് കോടതി ചോദിച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, പി ജി അജിത്ത് കുമാർ എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം തീർത്ഥാടകരെ തള്ളിയ ദേവസ്വം വാച്ചർ അരുൺ കുമാറിനോട് ബോർഡ് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. ജീവനക്കാരൻ ബലം പ്രയോഗിച്ച് തള്ളി എന്ന് ഒരു തീർത്ഥാടകനും പരാതി നൽകിയിട്ടില്ല, കോടതിയുടെ തീരുമാനം അനുസരിച്ചു ബോർഡ് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീർത്ഥാടകരെ വാച്ചർ അരുൺ കുമാർ തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് ദേവസ്വം പ്രസിഡന്റ് വിശദീകരണം തേടിയത്.
തിരുവിതാംകൂർ ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പിലെ ജീവനക്കാരനാണ് ഭക്തരെ തള്ളിമാറ്റിയ വാച്ചർ
അരുൺ കുമാർ. ദേവസ്വം ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് കോൺഫെഡറേഷൻ സിഐടിയു സംസ്ഥാന നേതാവ് കൂടിയായ അരുൺ കുമാർ സ്പെഷ്യൽ ഡ്യൂട്ടിക്കാണ് ശബരിമലയിൽ എത്തിയത്.