കേരളത്തെ നടുക്കിയ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും. ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ പുഴയിലൂടെ ഒഴുകി വരുകയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളരിമലയിൽ മണ്ണിടിച്ചിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്. പുന്നപുഴയിൽ ഒഴുക്ക് ശക്തമായതോടെയാണ് ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്കിന് കാരണം. ചൊവ്വാഴ്ച വൈകീട്ട് മുതൽ ശക്തമായ മഴയാണ് വയനാട്ടിൽ പെയ്യുന്നത്. വനത്തിനുള്ളിൽ 100 മില്ലി മീറ്റർ മഴ പെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അതേസമയം, റവന്യു ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മേപ്പാടി, മുണ്ടക്കൈ ഭാഗങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയാണ് പെയ്യുന്നതെന്ന ചൂരൽമല ആക്ഷൻ കമ്മിറ്റി ഭാരവാഹി ഷാജി മോൻ പറഞ്ഞു.