സർക്കാർ – ഗവർണർ ഏറ്റുമുട്ടലിന് അയവ് വന്നത്തോടെ നിയമസഭ പാസാക്കിയ ബില്ലുകൾക്ക് രാജ്ഭവൻ അംഗീകാരംനൽകി. സർവ്വകലാശാല നിയമഭേദഗതി ബില്ല് ഒഴികെയുള്ളവയ്ക്കാണ് അംഗീകാരം നൽകിയത്. ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ സഭ സമ്മേളനത്തില്‍ പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടു. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ഗവർണർ ചാൻസിലർ പദവിയിൽ നിന്നും നീക്കാനുള്ള സർവകലാശാല നിയമഭേദഗതി ബില്ലിൽ കൂടുതൽ പരിശോധന നടത്താനാണ് ഗവർണറുടെ തീരുമാനം.
പതിനഞ്ചാം കേരളനിയമസഭയുടെ ഏഴാം സമ്മേളനം പാസാക്കിയ ബില്ലുകൾ എല്ലാം ഗവർണർ അംഗീകരിച്ചെങ്കിലും കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അറിയിച്ച് സർവ്വകലാശാലനിയമ ഭേദഗതി ബില്ലിൽ മാത്രം ഗവർണർ ഒപ്പിട്ടില്ല. ബിൽ പാസാക്കുന്നതിൽ ഭരണഘടനപരമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന കാര്യം പരിശോധിച്ചശേഷം ഒപ്പിടാനാണ് ഗവർണറുടെ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. ബില്ലുമായി ബന്ധപ്പെട്ട ഗവർണർക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾ മറ്റു കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു പരിഹരിക്കാൻ വരും ദിവസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകും എന്നാണ് സൂചന.