ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെടുത്തു. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ ഷൈൻ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താൻ മുക്ക് വെട്ടാട്ടുവിളവീട്ടിൽ സാജിദ് (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. പെരുമാതുറ, പുതുക്കുറിച്ച് എന്നീ സ്ഥലങ്ങളിൽനിന്ന് ഇന്ന് പുലർച്ചയോടെയാണ് മൃതദേഹങ്ങൾ കിട്ടിയത്.
ക്രിസ്മസ് ആഘോഷങ്ങൾക്കായി കടലിൽ എത്തിയതായിരുന്നു ഇവർ. കടലിൽ ഇറങ്ങിയയുടൻ തിരയിൽപെട്ട് പോകുകയായിരുന്നു. സംഭവം നടന്നതുമുതൽ പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിതുടങ്ങിയിരുന്നു. പോലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.
കാണാതായവരിൽ ഒരാളുടെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സാജൻ ആന്റണി (35) യുടെ മൃതദേഹമാണ് കണ്ടെടുത്തത്. കടലിൽ കുളിക്കാനിറങ്ങിയ സാജനെ പിന്നീട് കാണാതാകുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.