ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യ മന്ത്രി ജി സുധാകരൻ രംഗത്തെത്തി. ആരോഗ്യമേഖലയെയും ടൂറിസംമേഖലയെയുമാണ് സുധാകരൻ പ്രധാനമായും വിമർശിച്ചത്. ആരോഗ്യ മേഖലയിൽ ഇപ്പോൾ മുഴുവൻ അശ്രദ്ധയും അവഗണനയും മാത്രമാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ല എന്നും, ഉള്ള ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും പറഞ്ഞ സുധാകരൻ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസനം ഇതുവരെ എങ്ങും എത്തിയിട്ടില്ല എന്നും വിമർശിച്ചു. ജനം നേരിടുന്ന ബുദ്ധിമുട്ടുകളുടെ മൂല കാരണം അഴിമതി ആണെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴ സൗഹൃദ വേദി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ആരോഗ്യവകുപ്പിന്റെ മാത്രമല്ല ടൂറിസം മേഖലയുടെയും സ്ഥിതി ഗുരുതരമാണെന്ന് സുധാകരൻ പറഞ്ഞു. കനാലുകളും തോടുകളും ഇപ്പോഴും ചീഞ്ഞ അവസ്ഥയിലാണുള്ളതെന്നും അതിനൊരു പരിഹാരം ഇതുവരെ നടന്നിട്ടില്ല എന്നും പറഞ്ഞു. ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ അഴിമതിയുടെ അയ്യര്കളിയാണ് നടക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ചു കൊടുക്കുന്നതല്ല ആസൂത്രണം എന്നും ആരോഗ്യ സംരക്ഷണത്തിനായി അതിനുതകുന്ന മാനദണ്ഡങ്ങൾ പാലിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന ലഹരി കടത്തിനേയും രൂക്ഷമായി വിമർശിച്ചു. ചില ഉദ്യോഗസ്ഥർ ഇതിനെതിരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ അവർക്ക് മുകളിൽ നിന്ന് സമ്മർദ്ദം ഉണ്ടാവുകയോ അവരെ സ്ഥലംമാറ്റം ചെയ്യുകയോ ആണ് നടന്നു വരുന്നതെന്നും അദ്ദേഹം വിമർശിച്ചു