കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ വിജിലൻസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങളും സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. കോഴിക്കോട് യൂനിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. സ്കൂൾ അധ്യാപികയായിരുന്ന ഭാര്യ സ്മിത സുധാകരന്‍റെ ശമ്പള വിവരങ്ങൾ തേടി കണ്ണൂർ കാടാച്ചിറ ഹൈസ്കൂൾ പ്രധാന അധ്യാപകന് വിജിലൻസ് നോട്ടീസ് നൽകി.
കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ൽ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം. സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ല്‍ തുടങ്ങിയതാണെന്നും വിജിലൻസ് സ്പെഷ്യൽ സെൽ പറഞ്ഞു. സ്പെഷ്യൽ അസി. കമ്മീഷണർ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

