പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചപ്പോള്‍ത്തന്നെ നിയമസഭ സ്പീക്കര്‍ പാനല്‍ ചരിത്രം സൃഷ്ടിക്കുകയാണ്. സമ്മേളനത്തില്‍ സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭ നിയന്ത്രിക്കേണ്ട ചെയര്‍മാൻമാരുടെ പാനല്‍ പ്രഖ്യാപിച്ചപ്പോൾ പാനലില്‍ മുഴുവന്‍ പേരും സ്ത്രീകൾ. പാനല്‍ ചെയര്‍മാന്‍ എന്നാണ് ഇത്തരത്തില്‍ സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്. കേരള ഭരണ ചരിത്രത്തിൽ ഇതാദ്യമായാണ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കാനുള്ള പാനലിലെ മുഴുവന്‍ അംഗങ്ങളും വനിതകളാകുന്നത്.
പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് സ്പീക്കര്‍ എഎന്‍ ഷംസീറാണ്. ഭരണപക്ഷത്തുനിന്ന് രണ്ടുപേരും പ്രതിപക്ഷത്തുനിന്ന് ഒരാളും അടങ്ങിയതാണ് പാനല്‍. സ്പീക്കറുടെ നിര്‍ദേശം അനുസരിച്ച് പ്രതിപക്ഷത്തുനിന്ന് ഉമാ തോമസ്, കെകെ രമ എന്നിവരുടെ പേരുകളും ഭരണപക്ഷത്തുനിന്ന് യു പ്രതിഭ, കനത്തില്‍ ജമീല, സി കെ ആശ എന്നിവരുടെ പേരുകളുമാണ് അതത് കക്ഷികള്‍ നാമനിര്‍ദേശം ചെയ്തിരുന്നത്. ഭരണപക്ഷത്തുനിന്നും യു പ്രതിഭ, സികെ ആശ എന്നിവരാണ് സ്പീക്കർമാരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പ്രതിപക്ഷത്തുനിന്നും കെകെ രമയും സ്പീക്കർ പട്ടികയിലെത്തി.
സീനിയോറിറ്റി അനുസരിച്ചാണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കര്‍ തെരഞ്ഞെടുത്തതെന്നാണ് വിവരം. പ്രതിപക്ഷത്തുനിന്ന് സഭയിലെ പുതുമുഖമായ തൃക്കാക്കര എംഎല്‍എയായ ഉമാ തോമസ് എത്തുമെന്നായിരുന്നു ഭരണപക്ഷത്തിൻ്റെ പ്രതീക്ഷ. എന്നാല്‍, വടകരയില്‍ നിന്ന് യുഡിഎഫ് പിന്തുണയില്‍ ജയിച്ച കെകെ രമയാണ് എത്തിയത. സാധാരണഗതിയില്‍ മൂന്നു പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിതാ അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്.