ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. 57 വയസ്സായിരുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാലിന് കറുകപ്പള്ളി ജുമാമസ്ജിദിൽ. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.
മലയാളികളെ ചിരിപ്പിച്ച വൻ ഹിറ്റുകളൊരുക്കിയ സംവിധായകൻ ആണ് ഷാഫി. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട് എന്നിവയടക്കം 16 സിനിമകൾ സംവിധാനം ചെയ്തു. കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. വൺ മാൻ ഷോ ആണ് ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്നത് ഹിറ്റ് ചിത്രങ്ങളായിരുന്നു. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.
1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് റഷീദ് എം.എച്ച്. എന്ന ഷാഫിയുടെ ജനനം. പിതാവ് എം.പി.ഹംസ, മാതാവ് നബീസുമ്മ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. സ്കൂൾ കാലത്ത് മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ചിരുന്നു. അമ്മാവൻ സിദ്ദീഖ് സിനിമയിലെത്തിയതോടെ അത് ശക്തവുമായി.
രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ആണ് ഷാഫി സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ കല്യാണരാമൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി. പിന്നെ തുടർച്ചയായി ഹിറ്റ് സിനിമകളൊരുക്കി.