കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പുറപ്പെട്ട എം വി കവരത്തി കപ്പലിന്റെ എൻജിൻ തകരാറിലായതിനെതുടർന്ന് 700 പേരുടെ യാത്ര മുടങ്ങി. ഇന്നലെ വൈകിട്ട് 7 മണിക്ക് കൊച്ചിയിൽ നിന്നും പുറപ്പെട്ട കപ്പലിനാണ് എൻജിൻ തകരാർ സംഭവിച്ചിരിക്കുന്നത്. എഞ്ചിന്റെ തകരാറിനെ തുടർന്ന് കപ്പൽ തിരികെ മട്ടാഞ്ചേരി വാർഫിൽ എത്തിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും പുറപ്പെട്ട കപ്പലിന് രാത്രി പത്തരയോടെയാണ് എൻജിൻ തകരാർ സംഭവിച്ചത്. രണ്ട് എഞ്ചിനുകളിൽ ഒന്നിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ഇതോടെ കപ്പൽ സർവീസ് നിർത്തിവച്ചു. ഒരു എഞ്ചിന്റെ സഹായത്തോടെ കപ്പൽ തിരികെ മട്ടാഞ്ചേരി വാർഫിൽ എത്തിച്ചു. യാത്ര തിരിക്കുന്ന സമയത്ത് കപ്പലിന് തകരാർ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. യാത്രക്കാരെല്ലാം മട്ടാഞ്ചേരി വാർഫിലാണുള്ളത്. യാത്രയ്ക്കിടയിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് കപ്പൽ കഴിഞ്ഞ മാസമാണ് അറ്റകുറ്റപ്പണികൾക്ക് ശേഷം സർവീസ് പുനരാരംഭിച്ചത്. കൊച്ചിയിൽ നിന്നും കവരത്തി -അഗത്തി -അമിനി- കടമത്ത് ദ്വീപിലേക്കാണ് എം വി കവരത്തി കപ്പൽ സർവീസ് നടത്തുന്നത്.