അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടർന്ന് 16നാണ് വനപാലകർ കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. ഒരുവയസ് പ്രായമുള്ള ആനക്കുട്ടിക്ക് കൃഷ്ണയെന്ന് പേരിട്ടു. ആനക്കുട്ടിയെ ഉപേക്ഷിച്ച ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. എന്നാൽ ആദ്യ നാല് ദിവസം കാത്തിരുന്നിട്ടും അമ്മയാന വന്നില്ല. തുടർന്നാണ് ചികിത്സക്കായി ബൊമ്മിയാംപടിയിലേക്ക് മാറ്റിയത്. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിൽ ചികിത്സ നടക്കുന്നതിനിടെ രോഗം മൂർച്ഛിച്ച് ഇന്നലെയാണ് ചരിഞ്ഞത്.

ആരോഗ്യം മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാനക്കുട്ടിയെ കണ്ടത്. തുടർന്ന് പ്രദേശവാസികൾ അറിയിച്ചതോടെ സ്ഥലത്തെത്തിയ വനപാലകരും ദ്രുതപ്രതികരണ സംഘവും വെള്ളവും പുല്ലും പഴവും നൽകി.
ചികിത്സയുടെ ആദ്യഘട്ടത്തിൽ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടായിരുന്നു. ആനക്കുട്ടി ഭക്ഷണം കഴിക്കുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി ക്ഷീണിതനായിരുന്ന കുട്ടിക്കൊമ്പനെ വെറ്ററിനറി ഡോക്ടർ പ്രത്യേക പരിചരണം നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല.