തിരുവനന്തപുരം: സൂംബാ ഡാന്‍സ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് കത്തയച്ചു. 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സ്കൂളിൽ സൂബാ ഡാൻസ് കളിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിൽ നിന്ന് ഒരധ്യാപകൻ എന്ന നിലയ്ക്ക് വിട്ട് നിൽക്കുന്നു എന്ന നിലപാട് ടി കെ അഷ്‌റഫ് സ്വീകരിച്ചിരുന്നു. ഈ വിഷയത്തിൽ ഡിപ്പാർട്ട്മെൻ്റ് എടുക്കുന്ന ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും ടി കെ അഷ്റഫ് വ്യക്തമാക്കിയിരുന്നു. പാലക്കാട്ട് പികെഎം യുപിഎസ് എടത്തനാട്ടുകരയിലെ അധ്യാപകനാണ് അഷ്റഫ്.
സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്നും തന്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ടി കെ അഷ്റഫ് വ്യക്തമാക്കിയിരുന്നു.
മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി കെ അഷ്‌റഫ് വിമർശിച്ചിരുന്നു. ഇത്തരം പരിപാടികള്‍ പുരോഗമനമായി കാണുന്നവരുണ്ടാകാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പ്രാകൃതനാണെന്നും അദ്ദേഹം പറയുന്നു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ ലഘുവ്യായാമവും സൂംബ ഡാന്‍സും സംഘടിപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് സഹിതമായിരുന്നു ടി കെ അഷ്‌റഫ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.