വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചതായി അറിയിപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻറേതാണ് ഉത്തരവ്. വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കില്ലെന്നാണ് ഉത്തരവിലുള്ളത്. വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുൻനിർത്തി അടച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാർഡനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കുറുവാദ്വീപ് ഉൾപ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളാണ് അടച്ചിട്ടത്.
ഫെബ്രുവരി 16ന് രാവിലെ വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിലെ താല്‍ക്കാലിക വാച്ചറായിരുന്ന പോളിനെ കുറുവ ദ്വീപിന് സമീപത്ത് വച്ച് കാട്ടാന ആക്രമിക്കുകയും പിന്നീട് ആശുപത്രിയിൽവെച്ച് മരണം സംഭവിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോളിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസങ്ങൾക്ക് മുമ്പ് അജീഷ് എന്നയാളെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന എന്ന മോഴയാനയെ മയക്കുവെടി വെക്കാനായി ഇരുന്നൂറോളംപേർ വരുന്ന വനം വകുപ്പ് ദൗത്യസംഘം തിരുനെല്ലി പഞ്ചായത്തിലെ പനവല്ലയില്‍ വനത്തില്‍ കയറിയപ്പോഴാണ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കുറുവാ ദ്വീപില്‍ പോളിനെ കാട്ടാന ആക്രമിച്ചത്. ബേലൂർ മഖ്ന എന്ന ആക്രമണകാരിയായ ആന സമീപത്ത് ഉള്ളതിനാല്‍, കുറുവാ ദ്വീപിലേക്ക് വരുന്ന സഞ്ചാരികളെ മടക്കി അയയ്ക്കാൻ പാക്കം ചേകാടി റോഡിലെ കുറുവ ദ്വീപിന് സമീത്തെ വനപാതയില്‍ നില്‍ക്കുകയായിരുന്നു പോള്‍. അതിനിടെയാണ് കുട്ടിയാന ഉൾപ്പടെ അഞ്ച് ആനകൾക്ക് അവിടേക്ക് വന്നത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു ആന പോളിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ ബഹളമുണ്ടാക്കിയതോടെ ആനക്കൂട്ടം വനത്തിലേക്ക് മടങ്ങുകയായിരുന്നു.