കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യയിൽ പരാതിയുമായി കുടുംബം. മരണത്തിലേക്ക് നയിച്ചത് ഗൂഢാലോചനയുടെ ഫലമാണെന്നാരോപിച്ച് സഹോദരൻ പരാതി നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ ഭീഷണിയും ടി.വി. പ്രശാന്തനുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയെ തുടർന്നുണ്ടായ സംഭവവുമാണ് എ.ഡി.എം. കെ. നവീൻ ബാബുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹോദരൻ കെ. പ്രവീൺ ബാബു നൽകിയ പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് കണ്ണൂർ സിറ്റി പോലീസിലാണ് പരാതി നൽകിയിട്ടുള്ളത്.
“നവീൻ ബാബുവിന്‍റെ യാത്രയയപ്പ് വേളയിൽ പി.പി. ദിവ്യ യോഗത്തിലേക്ക് ക്ഷണിക്കാതെ കടന്നുവന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ട പ്രകാരം പെട്രോൾ പമ്പിന് എതിർപ്പില്ലാരേഖ നൽകിയില്ലെന്നും പിന്നീട് അനുമതി നൽകിയതിൽ അവിഹിത സ്വാധീനമുണ്ടെന്ന് ബോധ്യമുണ്ടെന്നും പറഞ്ഞ് പരസ്യമായി അപമാനിച്ചു. തന്‍റെ സഹോദരൻ അഴിമതിക്കാരനാണെന്ന നിലയിൽ, വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുകയും പൊതുസദസ്സിൽ അപമാനിക്കുകയുമുണ്ടായി.” ദിവ്യക്കും പെട്രോൾ പമ്പ് സംരഭകൻ പ്രശാന്തിനുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
അതേസമയം നവീൻ ബാബുവിന്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബുധനാഴ്ച പുലർച്ചെ 12.40 -ന് പത്തനംതിട്ടയിൽനിന്നെത്തിയ ബന്ധുക്കൾ ഏറ്റുവാങ്ങി. അനുജൻ പ്രവീൺബാബു, ബന്ധുക്കളായ ജയലാൽ, ഹരീഷ്ബാബു, ടി.ജി. ഉത്തമൻ, ടി.എസ്. ശ്രീജിത്ത് എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ, സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, മുൻ എം.എൽ.എ. ടി.വി. രാജേഷ്, ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേസായികൃഷ്ണ, എ.ഡി.എം. ഇൻ ചാർജ് കെ.വി. ശ്രുതി, സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹത്തെ കണ്ണൂർ റവന്യൂവകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥസംഘം പത്തനംതിട്ടയിലേക്ക് അനുഗമിച്ചു.