സുരക്ഷയ്ക്ക് വേണ്ടി ആണെങ്കിൽ പോലും സിസിടിവിയുടെ കണ്ണുകൾ അയൽപക്കത്തേക്ക് നീണ്ടുപോകേണ്ട എന്നും സ്വന്തം വീട്ടിൽ മതിയെന്നും ഹൈക്കോടതി. സിസിടിവി വയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരുമായി കൂടിയാലോചിച്ചു വേണ്ട നിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നും ജസ്റ്റിസ് വി ജി അരുൺ നിർദ്ദേശിച്ചു. തന്റെ വീടും പരിസരവും നിരീക്ഷിക്കത്തക്ക രീതിയിൽ അയൽവാസി സിസിടിവി സ്ഥാപിച്ചു എന്ന് എറണാകുളം ചേരനല്ലൂർ സ്വദേശിനിയായ ആഗ്നസ് മിഷേൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നിർദേശം.
പരാതിക്കാരിയുടെ അയൽവാസി തന്റെ സ്വകാര്യ ഹനിക്കുന്ന തരത്തിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു എന്നായിരുന്നു പരാതി. ഹർജി പരിഗണിച്ച കോടതി പരാതിക്കാരിയുടെ അയൽവാസിയായ രാജു ആന്റണി, ചേരനല്ലൂർ പഞ്ചായത്ത് ചേർനല്ലൂർ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്ക് നോട്ടീസ് നൽകണമെന്ന് നിർദ്ദേശിച്ചു. ഹർജിയുടെ പകർപ്പ് ഡിജിപിക്ക് നൽകണമെന്നും കോടതി നിർദേശമുണ്ട്. സുരക്ഷയ്ക്ക് വേണ്ടി ഒരുതരത്തിലും അയൽവാസിയെ നിരീക്ഷിക്കുന്ന കാര്യം അനുവദനീയമല്ല എന്ന് കോടതി നിരീക്ഷിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി നിർദ്ദേശങ്ങൾ നൽകാൻ സംസ്ഥാന പോലീസ് മേധാവിയെ സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്.