വിതുര: ഈ വർഷത്തെ അഗസ്ത്യാർകൂടം തീർത്ഥാടനത്തിന് ജനുവരി 16ന് തുടക്കം കുറിക്കും. 31 ദിവസം നീണ്ടുനിൽക്കുന്നതാണ് തീർത്ഥാടന യാത്ര. പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം പരമാവധി 75 പേർക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്നുമുതൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് ഫെബ്രുവരി 15ന് ട്രക്കിംഗ് അവസാനിക്കും.
വനംവകുപ്പിന്റെ www.forest.kerala.gov.in, serviceonline.gov.in/trekking എന്നീ വെബ്സൈറ്റുകളിലൂടെ ഇന്ന് രാവിലെ 11 മണി മുതൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. തീർത്ഥാടന യാത്ര നടത്തുന്നവർക്ക് വേണ്ടി ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകൾ ലഭ്യമാണ്. വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഗേഡുകൾക്കൊപ്പം ആണ് യാത്ര ചെയ്യേണ്ടത്. വാർത്താവിനിമയ സംവിധാനത്തിനായി ബോണക്കാട്, പേപ്പാറ, അതിരുമല, നെയ്യാർ, കോട്ടൂർ എന്നിവിടങ്ങളിൽ വയർലെസ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.
വനത്തിനുള്ളിൽ പാചകം ചെയ്യാൻ അനുവദിക്കില്ലെന്ന് അതികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൂജാ ദ്രവ്യങ്ങൾ,പ്ലാസ്റ്റിക്, മദ്യം, മറ്റുലഹരിപദാർത്ഥങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. പാസ് ഇല്ലാതെ അതിക്രമിച്ച് ട്രക്കിംഗ് നടത്തുന്നവരെ പിടികൂടാൻ പ്രത്യേക ടീമിനെ ഏർപ്പാടാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം നിരവധി പേർ അഗസ്ത്യാർകൂടത്തേക്ക് പാസ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ചിരുന്നു ഇവരെ വനപാലകർ പിടികൂടിയിരുന്നു. ഈ സാഹചര്യത്തെ മുന്നിൽ കണ്ടാണ് ഇത്തവണ പ്രത്യേക ടീമിനെ ഏർപ്പാടാക്കിയിട്ടുള്ളത്. ഇത്തവണ 31 ദിവസമാണ് സന്ദർശനത്തിന് അനുവദിച്ചിട്ടുള്ളത്. ഫെബ്രുവരി 15ന് ട്രക്കിംഗ് അവസാനിക്കും. രണ്ടായിരത്തോളം പേർക്ക് മാത്രമാണ് സന്ദർശന അനുമതി നൽകിയിട്ടുള്ളത്.