കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന് വീണ്ടും തിരിച്ചടി. സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്നും മതിയായ നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നും സുപ്രീം കോടതി എറണാകുളം വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിച്ചേക്കും. ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റി.
നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ വിചാരണ നടപടി നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയിലെത്തിയത്.
അതേസമയം വിചാരണ കാലാവധി ഇത്രയും നീണ്ടുപോകുന്നതിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. വിചാരണയ്ക്കുള്ള സമയം ഇതിനകം നാല് പ്രാവശ്യം നീട്ടി നൽകിയെന്നും ഇപ്പോൾതന്നെ മൂന്ന് വർഷം പിന്നിട്ടുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിൽ വിചാരണ പൂർത്തിയാക്കാൻ ഇനി ആറുമാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് ഇന്നലെ സുപ്രീം കോടതിയിലും റിപ്പോർട്ട് സമർപ്പിച്ചു.
കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് ഇന്നലെ ഹൈക്കോടതിയിലും റിപ്പോർട്ട് സമർപ്പിച്ചിരുന്നു . എത്ര സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയും എന്ന് രേഖാമൂലം അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. തുടർന്ന് ആറുമാസം കൂടി സമയം നൽകണമെന്ന റിപ്പോർട്ട് ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ചു. വിചാരണ നീണ്ട് പോകുന്ന കാരണം ചൂണ്ടിക്കാട്ടി പൾസർ സുനി ജാമ്യ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്.