ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്, മകന്‍ കരണ്‍ എന്നിവരെ വരാനിരിക്കുന്ന റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (WFI) തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഓഗസ്റ്റ് 12 നാണ് റസ്ലിംഗ് ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്. ബ്രിജ് ഭൂഷന്റെ കുടുംബത്തില്‍ നിന്ന് ആരും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്, കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഗുസ്തിതാരങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.
അതേസമയം മരുമകന്‍ വിശാല്‍ സിംഗ് ബിഹാറിനെ പ്രതിനിധീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇത് കൂടാതെ നിലവിലുള്ള സംസ്ഥാന ഘടകങ്ങളുമായി ബന്ധമില്ലാത്ത അംഗങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റെയില്‍വേ സ്പോര്‍ട്സ് പ്രൊമോഷന്‍ ബോര്‍ഡിന്റെ (ആര്‍എസ്പിബി) സെക്രട്ടറിയായിരിക്കുന്ന പ്രേംചന്ദ് ലോചബ് ഗുജറാത്തില്‍ നിന്നുള്ള പ്രതിനിധിയായി മത്സരിക്കുന്നുണ്ട്. സംസ്ഥാനത്തിന് അംഗത്വം നല്‍കാനുള്ള അഡ്-ഹോക്ക് പാനലിന്റെ അപ്രതീക്ഷിത തീരുമാനത്തെത്തുടര്‍ന്ന് അസമിനും വോട്ടിംഗ് ലഭിച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമക്കേസിലെ സാക്ഷിയായ അനിത ഷിയോറന്‍ (38) ഒഡീഷയുടെ പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2010 ലെ CWG സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഷിയോറന്‍ നിലവില്‍ ഹരിയാന പോലീസിലാണ് സേവനമനുഷ്ഠിക്കുന്നത്. പ്രേം കുമാര്‍ മിശ്രയും സഞ്ജയ് സിംഗുമാകും ഉത്തര്‍പ്രദേശ് ഘടകത്തെ പ്രതിനിധീകരിക്കുക.
ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ബ്രിജ് ഭൂഷണ്‍ സിംഗ്, ദേശീയ സ്പോര്‍ട്സ് കോഡ് പ്രകാരം അനുവദനീയമായ പരമാവധി കാലാവധിയായ, 12 വര്‍ഷം സേവനമനുഷ്ഠിച്ചു. അതിനാല്‍ തന്നെ അദ്ദേഹത്തിന് ഇനി സ്ഥാനാര്‍ത്ഥിയാകാനാകില്ല. ലൈംഗികാരോപണക്കേസില്‍ കഴിഞ്ഞയാഴ്ച്ച ഡല്‍ഹി കോടതി ബ്രിജ് ഭൂഷണ് ജാമ്യം അനുവദിച്ചിരുന്നു.