തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നൽകിയത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി.
അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ എം കെ നാസർ ആയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹി ആയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ ഏറെക്കാലത്തെ തിരച്ചതിന് ശേഷമാണ് പിടികൂടിയത്. കൈവെട്ടു സംഭവത്തിന്റെ ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നും, കൃത്യത്തിന് വേണ്ട വാഹനങ്ങള്‍ സംഘടിപ്പിച്ചതും ആളുകളെ റിക്രൂട്ട് ചെയ്തതും പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന നാസര്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പ്രതികൾ ഇപ്പോൾ 9 വർഷത്തിലേറെയായി തടവിൽ കഴിയുകയാണെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ വി , ജസ്റ്റിസ് പിവി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിൽ മൊത്തം 31 പ്രതികൾ വിചാരണ നേരിട്ടു, വിചാരണ കോടതി 13 പ്രതികളെ ശിക്ഷിക്കുകയും ബാക്കി 18 പ്രതികളെ 2015 ൽ വെറുതെ വിടുകയും ചെയ്തു.
2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയെടുത്തത്.