രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പുതിയ മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറിമാരായ ജയറാം രമേശ്, കെ.സി വേണുഗോപാൽ എന്നിവരാണ് പുറത്തിറക്കിയത്. എൻജിഒകൾ, പത്രപ്രവർത്തകർ, കർഷകർ, ചെറുകിട വ്യാപാരികൾ, ദലിതർ-പിന്നാക്ക വിഭാഗങ്ങൾ, ആദിവാസികൾ, ബുദ്ധിജീവികൾ എന്നിവരെ ബന്ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോം കൂടിയാണ് ഈ’ ഭാരത് ജോഡോ ന്യായ് യാത്ര’. ഒരാളുടെ കാഴ്ചപ്പാടുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു വേദി മാത്രമല്ല ഈ യാത്ര, പൊതുജനങ്ങളുടെ ശബ്ദവും അവരുടെ പ്രശ്നങ്ങളും കേൾക്കാനുള്ള ഒരു വേദി കൂടിയാണെന്ന് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ‘ന്യായ് കാ ഹഖ് മിൽനെ തക്’ എന്നതാണ് പുതിയ മുദ്രാവാക്യം. “ഭരണഘടനയെ സംരക്ഷിക്കുക, രാജ്യത്ത് നിലവിലുള്ള സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയർത്തുക” എന്നതാണ് മെഗാ റാലിയുടെ പ്രധാന ലക്ഷ്യമെന്ന് ഖാർഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനുവരി 14 മുതൽ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുകയാണ്. ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി ലഭ്യമാക്കാനുള്ള ശക്തമായ ചുവടുവെപ്പാണ് ഈ യാത്ര’ -മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മണിപ്പൂരിലെ ഇംഫാലിൽ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. അരുണാചലിലെ പാസിഘട്ടിൽ നിന്ന് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോർബന്തറിലേക്ക് യാത്ര നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, വംശീയ കലാപം നടന്ന മണിപ്പൂരിൽനിന്ന് യാത്ര ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
ജനുവരി 14 ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’ മണിപ്പൂരിൽ നിന്നാണ് ആരംഭിക്കുന്നത്. ‘ഭാരത് ജോഡോ ന്യായ് യാത്ര’ 110 ജില്ലകളിലൂടെ 66 ദിവസങ്ങളിലായി 6,700 കിലോമീറ്റർ പിന്നിടും. യാത്ര വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ആരംഭിച്ച് വടക്ക്, മധ്യഭാഗങ്ങളിലൂടെ കടന്ന് മാർച്ച് 20 ന് മഹാരാഷ്ട്രയിൽ സമാപിക്കും. ഇതിൽ 100 ലോക്‌സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും ഉൾപ്പെടുന്നു. മാർച്ച് 20ഓടെ മുംബൈയിൽ സമാപിക്കും. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങൾ.