ഇന്ത്യൻ റെയിൽവേയുടെ അതിവേഗ ട്രെയിൻ സര്‍വീസ്, വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസ് തുടങ്ങി
രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്‍പ്രസ് മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള ആദ്യ യാത്രയ്ക്ക്, ബെംഗളൂരു കെഎസ്ആർ സ്റ്റേഷനിൽ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടി. മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്‍പ്രസ് സർവീസ് നടത്തുന്നത്. രാവിലെ 5.50ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 10.20ന് ബെംഗളൂരുവിലും 12.20ന് മൈസൂരുവിലുമെത്തും. തിരികെ ഒരു മണിക്ക് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി ഏഴരയ്ക്ക് ചെന്നൈയിലെത്തും.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടാൻ ശേഷിയുള്ളവയാണ് വന്ദേഭാരത് എങ്കിലും ചെന്നൈ – മൈസൂരു പാതയിൽ 75 -80 കിലോമീറ്റർ വേഗത്തിലാകും സർവീസ് നടത്തുക. സുരക്ഷ വേലി ഇല്ലാത്തതാണ് വേഗത കുറയാൻ കാരണം. വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ളതുമാണ് വന്ദേഭാരത് ട്രെയിനുകൾ. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള അത്യാധുനിക സുരക്ഷാ സംവിധാനമായ കവാച് വന്ദേഭാരത് എക്സപ്രസിൻ്റെ ഭാഗമാണ്. 2023- ആഗസ്റ്റ് 15-നുള്ളിൽ രാജ്യത്താകെ 75 വന്ദേഭാരത് ട്രെയിൻ സര്‍വ്വീസുകൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.