ഐപിഎൽ മത്സരത്തിനിടെ അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനെതിരെ മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ. ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെയാണ് ‘ജയിൽ കാ ജവാബ് വോട്ട് സേ’ എന്നെഴുതിയ ടീ ഷർട്ടുകൾ ധരിച്ച വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചത്. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ മുദ്രാവാക്യം വിളിച്ചതിന് ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗത്തിലെ 6 പ്രവർത്തകരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പിന്തുണയ്ക്കുന്ന എഎപിയുടെ പ്രചാരണമാണ് ‘ജയിൽ കാ ജവാബ് വോട്ട് സേ’.
ഐപിഎൽ മത്സരത്തിനിടെ ഡൽഹി മുഖ്യമന്ത്രിയുടെ “അനധികൃത അറസ്റ്റിനെതിരെ”യാണ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഛത്ര യുവ സംഘർഷ് സമിതി (സിവൈഎസ്എസ്) പ്രതിഷേധിച്ചതെന്ന് എഎപി പത്രക്കുറിപ്പിൽ പറഞ്ഞു. വിദ്യാർത്ഥികൾ ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.” പ്രസ്താവനയിൽ പറയുന്നു. എഎപി തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടായ എക്‌സിൽ മുദ്രാവാക്യം വിളിക്കുന്നതിൻ്റെ വീഡിയോയും പങ്കുവച്ചു.