മംഗലാപുരം: ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തലിൽ ഇന്നും പരിശോധന തുടരും. ചൊവ്വാഴ്ച സ്‌നാനഘട്ടത്തിന് സമീപം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. മഴ കാരണം ഇന്നലെ പരിശോധന പൂർത്തികരിക്കാനായില്ലായിരുന്നു. രണ്ട് ദിവസമായി ദക്ഷിണ കന്നഡ ജില്ലയിലും ക്ഷേത്രത്തിന് സമീപവും മഴ ശക്തമാണ്.
വിവിധ വർഷങ്ങളിലായി നിരവധി അജ്ഞാത മൃതദേഹങ്ങൾ താൻ മറവുചെയ്തിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. കോടതിയുടെ നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ മുതൽ പരിശോധന തുടങ്ങിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രദേശത്ത് പരിശോധ തുടങ്ങിയത്. കനത്ത മഴ കാരണം ഇന്നലെ പരിശോധനയ്ക്കായി കുഴിച്ച കുഴികളിൽ വെള്ളം നിറഞ്ഞ സ്ഥിതിയാണ്. ഇതോടെ പരിശോധന തടസ്സപ്പെടുകയായിരുന്നു.
ലൈംഗികാതിക്രമണത്തിന് വിധേയരായ പെൺകുട്ടികളുടെ ഉൾപ്പടെ നിരവധി പേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. 13 സ്ഥലങ്ങളിലായി മൃതദേഹങ്ങൾ മറവുചെയ്തിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. ഈ 13 സ്ഥലങ്ങളും കൃത്യമായി അടയാളപ്പെടുത്തിയാണ് പരിശോധനകൾ പുരോഗമിക്കുന്നത്. ശുചീകരണ തൊഴിലാളി കാട്ടിതന്ന് എല്ലാ സൈറ്റുകളിലും പരിശോധന നടത്തുമെന്ന് എസ്.ഐ.ടി. വ്യക്തമാക്കി. അസ്ഥികൂട അവിശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് വിദഗ്ധരായ തൊഴിലാളികളെയാണ് അന്വേഷണ സംഘം സ്ഥലത്തെത്തിച്ചിരിക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. എസ്.ഐ.ടി.യെ കൂടാതെ ഫോറൻസിക് വിദ്ഗധരും സ്ഥലത്ത ക്യാമ്പ് ചെയ്യുന്നുണ്ട്.
ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ജൂലൈ നാലിനാണ് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ധർമസ്ഥല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പൊതുജനങ്ങളുടെ പ്രക്ഷോഭത്തെ തുടർന്ന് കർണാടക സർക്കാർ അന്വേഷണം എസ്.ഐ.ടിയ്ക്ക് കൈമാറുകയായിരുന്നു. കർണാടക ഡിജിപി പ്രണബ് മൊഹന്തിയുടെ കീഴിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.