രാജ്യസഭയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ് നടക്കുക. 15 സംസ്ഥാനങ്ങളിൽ ഒഴിവ് വന്ന 56 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 15 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. പത്രിക സൂക്ഷ്മപരിശോധന 16നു നടക്കും. 27ന് തന്നെ ഫലം പുറത്തുവരും. ഏപ്രിൽ രണ്ടിനും മൂന്നിനുമായി 56 എം.പിമാരുടെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്‌ണവ്, ഭുപേന്ദ്ര യാദവ്, മന്‍സുഖ് മാണ്ഡവ്യ, നാരായണ്‍ റാണെ, പര്‍ഷോത്തം രുപാല, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
ഭരണമാറ്റം ഉണ്ടായ രാജസ്ഥാൻ, കർണാടക, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. നിലവിൽ ബിജെപിയാണ് രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കര്‍ണാടകയും തെലങ്കാനയും കോണ്‍ഗ്രസിനു മേല്‍ക്കൈ നല്‍കുമെന്നാണ് കണക്കുകൂട്ടൽ. ഉത്തർപ്രദേശിൽ നിന്നും പത്തും മഹാരാഷ്ട്രയിലും ബിഹാറിലും ആറും സീറ്റുകളിൽ മത്സരം നടക്കുന്നുണ്ട്. പശ്ചിമ ബംഗാൾ(അഞ്ച്), മധ്യപ്രദേശ്(അഞ്ച്), ഗുജറാത്ത്(നാല്), കർണാടക(നാല്), ആന്ധ്രാപ്രദേശ്(മൂന്ന്), തെലങ്കാന(മൂന്ന്), രാജസ്ഥാൻ(മൂന്ന്), ഒഡിഷ(മൂന്ന്), ഉത്തരാഖണ്ഡ്(ഒന്ന്), ചത്തിസ്ഗഢ്(ഒന്ന്), ഹരിയാന(ഒന്ന്), ഹിമാചൽപ്രദേശ്(ഒന്ന്).