പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശമുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിക്കെതിരെ ബ്രിട്ടനിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലും പ്രതിഷേധം ശക്തമായി. ബിബിസിയുടെ ആസ്ഥാനത്ത് മുന്നൂറിലധികം ഇന്ത്യൻ പ്രവാസികൾ പ്രതിഷേധവുമായി എത്തി.
വിവാദ ഡോക്യുമെന്ററി രണ്ടു ഭാഗങ്ങളായിട്ടാണ് ബിബിസി പുറത്തുവിട്ടത്. ഗുജറാത്ത് വംശഹത്യ പരാമർശിച്ചു കൊണ്ടുള്ള ആദ്യഭാഗവും, നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷമുള്ള സംഭവങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടാം ഭാഗവും. ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ സംസ്ഥാനത്തും രാജ്യത്തിന്റെ പലഭാഗത്തുമായി ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ബിബിസി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ബിബിസിയെ ഉടൻ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ബി ബി സി ഓഫീസിനു മുന്നിൽ ഹിന്ദു സേന കഴിഞ്ഞദിവസം പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പ്രവാസികൾ നടത്തുന്ന രാജ്യാന്തര പ്രതിഷേധ പ്രകടനം ഇപ്പോൾ ബ്രിട്ടനിലും അലയടിക്കുന്നത്.