ഇന്ത്യയിൽ 2027ഓടെ ഡീസൽ വാഹനങ്ങൾ പൂർണ്ണമായും നിരോധിക്കണമെന്ന് പെട്രോളിയം മന്ത്രാലയം നിർദ്ദേശം നൽകി. പെട്രോളിയം മന്ത്രാലയം രൂപീകരിച്ച സമിതി ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് നൽകി. ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക്, ഗ്യാസ് വാഹനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിത്.
നഗരങ്ങളിലെ ജനസംഖ്യ അനുസരിച്ച് ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ സമിതി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ ഇലക്ട്രിക്, ഗ്യാസ് പവർ വാഹനങ്ങളിലേക്ക് മാറേണ്ടിവരും. ഇത്തരം നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നിർദ്ദേശത്തിൽ പറയുന്നു. 2024 മുതൽ നഗരഗതാഗതത്തിൽ ഡീസൽ ബസുകൾ ചേർക്കരുതെന്നും 2030 ഓടെ ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾ ഉൾപ്പെടുത്തരുതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
2027ഓടെ 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇടങ്ങളിലോ മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളിലോ ഡീസൽ വാഹനങ്ങൾ പൂർണമായും നിരോധിക്കണമെന്നാണ് ഈ റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ, 2030 ഓടെ, ഇലക്ട്രിക്കിൽ ഓടുന്ന നഗരഗതാഗതത്തിൽ അത്തരം ബസുകൾ മാത്രമേ ഉൾപ്പെടുത്താവൂ. പാസഞ്ചർ കാറുകളും ടാക്‌സി വാഹനങ്ങളും 50 ശതമാനം പെട്രോളും 50 ശതമാനം ഇലക്ട്രിക് വാഹനങ്ങളും ആയിരിക്കണം. 2030 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രതിവർഷം 10 ദശലക്ഷം യൂണിറ്റ് കവിയുമെന്നും പറയപ്പെടുന്നു.