ഇന്ത്യയ്ക്കെതിരെ അണ്വായുധ യുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാവ്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവായ ഷാസിയ മാരിയാണ് ഭീഷണിയുയർത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ ആണവാക്രമണ ഭീഷണി മന്ത്രിയായ ഷാസിയ മാരി ഉയര്‍ത്തിയത്. ബിലാവല്‍ ഭൂട്ടോയെ പിന്തുണച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരാമര്‍ശം.
നരേന്ദ്ര മോദി സര്‍ക്കാരിനെ പരാമര്‍ശിക്കുന്നതിനിടെ പാകിസ്ഥാന്‍ ആണവശക്തിയാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് ഷാസിയ പറഞ്ഞു. നമ്മളെ അടിച്ചാല്‍ പാകിസ്ഥാനും തിരിച്ചടിച്ചായിരിക്കും മറുപടി നല്‍കുക. പാക്കിസ്ഥാന് എങ്ങനെ മറുപടി നല്‍കണമെന്ന് അറിയാം. ഒരു ചെകിട്ടത്തടിച്ചാല്‍ മറ്റേ ചെകിട് കാട്ടിക്കൊടുക്കുന്ന രാജ്യമല്ല പാകിസ്ഥാനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാക്കിസ്ഥാനെ പരോക്ഷമായി ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന് വിളിച്ചതും ഷാസിയ പരാമര്‍ശിച്ചു. ഇന്ത്യയിലെ മുസ്ലീങ്ങളെ ലക്ഷ്യമാക്കി ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് അവര്‍ പറഞ്ഞു. അവരെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നു. ദളിതര്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും ഷാസിയ ആരോപിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ പരാമര്‍ശത്തില്‍ മറുപടിയുമായി പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി രംഗത്തുവന്നിരുന്നു. ‘ഒസാമ ബിന്‍ ലാദന്‍ മരിച്ചുവെന്ന് ഇന്ത്യയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’, ബിലാവല്‍ ഭൂട്ടോ പറഞ്ഞു. പാകിസ്ഥാന്‍ ഒസാമ ബിന്‍ലാദന് അഭയം നല്‍കിയെന്ന പരാമര്‍ശത്തിലാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഭൂട്ടോയുടേത് ‘സംസ്കാരശൂന്യമായ പൊട്ടിത്തെറി’യാണെന്നും ഭീകരരെ ഉപയോഗിക്കാനുള്ള പാക്കിസ്ഥാന്റെ കഴിവില്ലായ്മയാണ് പുറത്തുവരുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇന്ത്യക്കെതിരെ അണ്വായുധയുദ്ധം നടത്തുമെന്ന് ഷാസിയ മാരി ഭീഷണി ഉയർത്തിയത്.