ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച് ഗള്‍ഫ് രാജ്യമായ ഒമാനും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയതായിരുന്നു മോദി. ദ്വിദിന സന്ദര്‍ശനത്തിനായി എത്തിയ മോദിക്ക് പരമോന്നത ദേശീയ ബഹുമതിയായ ‘ദി ഫസ്റ്റ് ക്ലാസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഒമാന്‍’ പുരസ്‌കാരം നല്‍കി ആദരിക്കുകയായിരുന്നു രാജ്യം. ഇതോടെ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ അഞ്ച് രാജ്യങ്ങളും പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കി ആദരിച്ച ആദ്യ ആഗോള രാഷ്ട്രത്തലവന്‍ എന്ന നേട്ടവും മോദി സ്വന്തമാക്കി.
വിദേശ രാഷ്ട്രത്തലവന്മാര്‍ക്കും ആഗോളതലത്തിലെ വിശിഷ്ട നേതാക്കള്‍ക്കും ഒമാന്‍ സുല്‍ത്താനേറ്റ് നല്‍കുന്ന ഉയര്‍ന്ന ദേശീയ ബഹുമതിയാണ് ‘ഓര്‍ഡര്‍ ഓഫ് ഒമാന്‍’. സമീപകാലങ്ങളില്‍ എത്യോപ്യയുടെ പരമോന്നത ബഹുമതിയായ ‘ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ’, കുവൈത്തിന്റെ ‘ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍-കബീര്‍’ തുടങ്ങിയ ബഹുമതികളും നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു.
ഇന്ത്യയിലെയും ഒമാനിലെയും ജനങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് ഈ പുരസ്‌കാരം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മാണ്ഡവിയില്‍ നിന്ന് മസ്‌കറ്റിലേക്ക് യാത്ര ചെയ്തുകൊണ്ട് ഈ ബന്ധത്തിന് അടിത്തറ പാകിയ ഇരു രാജ്യങ്ങളുടെയും പൂര്‍വ്വികര്‍ക്ക് ഈ ബഹുമതി സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

