ന്യൂഡൽഹി : കാറിടിപിച്ച് യുവതിയെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു . അപകട സമയത്ത് അഞ്ജലിയുടെ കൂടെയുണ്ടായിരുന്നു എന്ന് അവകാശപ്പെട്ട സുഹൃത്തിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നത്. അഞ്ജലിയുടെ സുഹൃത്ത് ധ്വനി കഴിഞ്ഞദിവസം അപകടം നടക്കുന്ന സമയത്ത് തങ്ങൾ ഒരുമിച്ചായിരുന്നു എന്നും അപകടത്തിന് താൻ ദൃക്സാക്ഷിയാണ് എന്നും വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. ന്യൂ ഇയർ പാർട്ടിക്ക് പോയി മടങ്ങിവരുമ്പോഴാണ് താനും അഞ്ജലിയും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചതെന്നും ഇടിയുടെ ആഘാതത്തിൽ താൻ ഒരു വശത്തേക്ക് മറിഞ്ഞുവീണു എന്നും അഞ്ജലി കാറിനടിയിൽപെടുകയായിരുന്നു എന്നും നിധി പറഞ്ഞിരുന്നു. അഞ്ജലി കാറിന് അടിയിൽ പെട്ടത് കാറിനുള്ളിലെ യുവാക്കൾ അറിഞ്ഞിരുന്നുവെന്നും എന്നിട്ടും മനഃപൂർവം കാർ മുന്നോട്ട് എടുക്കുകയായിരുന്നു എന്നും നിധി വെളിപ്പെടുത്തി. നിധി പേടിച്ച് തിരികെ വീട്ടിലേക്ക് പോയതായും ഭയം കാരണം ആരോടും ഒന്നും പറഞ്ഞില്ല എന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അഞ്ജലി മദ്യപിച്ചിരുന്നതായും സ്കൂട്ടറിൽ സഞ്ചരിക്കാൻ തന്നെ നിർബന്ധിച്ചു എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു .
എന്നാൽ അഞ്ജലിക്കൊപ്പം ഉണ്ടായിരുന്ന നിധിയും മദ്യപിച്ചിട്ടുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
രാത്രി 1. 32ന് നിധിയെ അഞ്ജലി വീട്ടിൽ കൊണ്ടാക്കിയതായാണ് പോലീസിനെ കണ്ടെത്തൽ. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ അഞ്ജലിയും നിധിയും തമ്മിൽ വാക്കു തർക്കം ഉണ്ടായതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആര് സ്കൂട്ടർ ഓടിക്കും എന്നതിനെ ചൊല്ലിയായിരുന്നു തർക്കം. തുടർന്ന് നിധി ആദ്യം സ്കൂട്ടർ ഓടിച്ചതായും അല്പസമയത്തിനു ശേഷം അഞ്ജലിക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം അഞ്ജലി മദ്യപിച്ചിരുന്നു എന്ന നിധിയുടെ ആരോപണത്തെ അഞ്ജലിയുടെ വീട്ടുകാർ നിഷേധിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഒരിക്കൽപോലും അഞ്ജലിയെ മദ്യപിച്ച് കണ്ടിട്ടില്ല എന്നാണ്അമ്മ പറയുന്നത്. ഡൽഹി പോലീസിന്റെ അന്വേഷണം തൃപ്തികരമാണ് എന്നും പറഞ്ഞു. അഞ്ജലി മദ്യപിച്ചിരുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മറ്റു കുടുംബാംഗങ്ങളും വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന് ഒരിടത്ത് പോലും പറഞ്ഞിട്ടില്ല എന്നും പറഞ്ഞു. വിശദമായ അന്വേഷണം കേസിൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.