ശനിയാഴ്ച രാത്രി ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ യന്ത്രത്തകരാറിനെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. രാത്രി 9.46 നാണ് 230-ലധികം ആളുകളുമായി 6ഇ-2789 വിമാനം പറന്നുയർന്നത്. രാത്രി 10.39നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. പറന്നുയർന്ന് അല്പസമയത്തിനകം എൻജിനിൽ തകരാർ കണ്ടെത്തുകയും തുടർന്ന് തിരിച്ചിറക്കാൻ തീരുമാനിക്കുകയും ആയിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.