ഇന്ത്യൻ രൂപയ്ക്ക് യു.എസ് ഡോളറിനെതിരെ റെക്കോഡ് തകർച്ച. ഒരു ഡോളറിന് 84.4275 രൂപയാണ് നിരക്ക്. ഇതിന്റെ ഫലമായി യു.എ.ഇ ദിര്ഹവുമായുള്ള രൂപയുടെ മൂല്യത്തിലും വൻ ഇടിവ് രേഖപ്പെടുത്തി. ദിർഹവുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഒരു ദിർഹമിന് 23.0047 രൂപയായി. ഇന്ത്യന് രൂപയുടെ മൂല്യത്തില് ഇനിയും ഇടിവുണ്ടായേക്കുമെന്നാണ് സൂചന.
വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തില് ഇടിവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്. യു.എസ് ഡോളർ ശക്തിപ്പെടുന്നതാണ് ഇന്ത്യന് രൂപക്ക് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തൽ. ഡോളർ ശക്തിപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഉൾപ്പെടെയുള്ള നിരവധി കാരണങ്ങളാണ് ഇന്ത്യന് രൂപയുടെ മൂല്യശോഷണത്തിന് വഴിവെക്കുന്നത്.
ഇന്ത്യൻ ഓഹരി സൂചികകളായ ബി.എസ്.ഇ സെൻസെക്സ് വൻ നഷ്ടം നേരിട്ടു. അദാനി ഗ്രൂപ് ചെയർമാനെതിരായ യു.എസ് അറസ്റ്റ് വാറന്റാണ് ഓഹരി വിപണികളെ കാര്യമായി ബാധിച്ചത്. ഇത് ഇന്ത്യൻ ഓഹരി വിപണികളെയും സമ്മർദത്തിലാക്കി. അതേസമയം, മൂന്ന് ദിവസമായി നഷ്ടം നേരിട്ട യു.എസ് ഡോളർ വ്യാഴാഴ്ച കരുത്തുകാട്ടി.