2024 ടി20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കണ്ണീരോടെ മടക്കം. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. ടി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമാണ്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പ് നേടുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന നായകൻമാരുടെ പട്ടികയിലേക്ക് അങ്ങനെ രോഹിത് ഗുരുനാഥ് ശർമയും ഇടം പിടിച്ചു. ചരിത്ര നിമിഷത്തിന് കൂടിയാണ് ബാർബഡോസ് സാക്ഷ്യം വഹിക്കുന്നത്.
ടോസ് നേടിയ ഇന്ത്യ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം ബാറ്റു ചെയ്യാൻ ഇറങ്ങിയത്. നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കോഹ്ലിയും അക്ഷറും ചേര്‍ന്നാണ് കരകയറ്റിയത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. കോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല. ക്ലാസനും മില്ലറും അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. വെടിക്കെട്ടോടെ ഇരുവരും ചേർന്ന് 15 ഓവറിൽ ടീമിനെ147 ലെത്തിച്ചു. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ കിടിലൻ ബൗണ്ടറി ലൈൻ ക്യാച്ചാണ് ഇന്ത്യൻ വിജയത്തിന് ജീവൻ പകർന്നത്. 17-ആം ഓവറിൽ ക്ലാസനെ ഹാർദിക് മടക്കിയതോടെ ഇന്ത്യൻ പ്രതീക്ഷ മടങ്ങിയെത്തി. 27 പന്തിൽ നിന്ന് 52 റൺസെടുത്താണ് താരം മടങ്ങിയത്. അപ്പോഴും ഭീഷണിയായി മില്ലർ ക്രീസിൽ നിലയുറച്ചിരുന്നു. എന്നാൽ 18-ാം ഓവറിൽ മില്ലറിനെ സൂര്യ കുമാർ തകർപ്പൻ ക്യാച്ചിലൂടെ മടക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
ഫൈനലിൽ ഇന്ത്യയുടെ സ്‌കോർ മികച്ചതാക്കിയത് വിരാട് കോലിയും അക്‌സർ പട്ടേലും ശിവം ദുബെയും ചേർന്നാണ്. തുടക്കത്തിൽ തന്നെ ബിഗ് വിക്കറ്റുകൾ വീഴ്ത്തിയ സൗത്ത് ആഫ്രിക്കൻ താരങ്ങളുടെ ആത്മവിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്നതായിരുന്നു വിരാട് കോലി, അക്‌സർ പട്ടേൽ, ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങൾ. രണ്ട് സിക്‌സും, ആറ് ഫോറും അടക്കം 59 ബോളിൽ നിന്ന് 76 റൺസ് മുതൽക്കൂട്ടിയായിരുന്നു കോലിയുടെ മടക്കം. ഒരു സിക്‌സും നാല് ഫോറും അടക്കം 16 ബോളിൽ നിന്ന് 27 റൺസെടുത്ത് കോലിക്ക് മികച്ച പിന്തുണ നൽകാൻ ദുബെക്കായി. നാല് സിക്‌സും ഒരു ഫോറും ചേർത്ത് 31 ബോളിൽ നിന്ന് 47 റൺസെടുത്ത അക്‌സർ പട്ടേലും ഇന്ത്യൻ നിരയിൽ ബാറ്റിങ് മികവ് കാട്ടിയ താരമായി.