ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ആദായ നികുതി വകുപ്പ് ക്രമക്കേട് സ്ഥിരീകരിച്ചു.
പ്രവര്‍ത്തനത്തിന് ആനുപാതികമായ വരുമാനമല്ല ബിബിസി രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ സര്‍വേ സമാപിച്ചതിന് പിന്നാലെയാണ് പ്രസ്താവന വന്നിരിക്കുന്നത്. 60 മണിക്കൂർ നീണ്ട മാരത്തൺ പരിശോധന ഇന്നലെ രാത്രി പൂർത്തിയായതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് പ്രസ്താവനയിലൂട വിശദാംശങ്ങള്‍ പുറത്തുവിടുന്നത്.
ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുളള ചില പണമിടപാടുകള്‍ക്ക് നികുതി അടച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ടും ക്രമക്കേടുകളും കണ്ടെത്തി. ചില രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ കാലതാമസം വരുത്തി. സംഘടനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചതായും ഏജന്‍സി അറിയിച്ചു. ആദായ നികുതി നിയമം 133 എ പ്രകാരമാണ് സർവേ നടത്തിയത്.
ട്രാന്‍സ്ഫര്‍ പ്രൈസിംഗ് ഡോക്യുമെന്റേഷനുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തക്കേടുകളുണ്ടെന്നും ഐടി സര്‍വേയില്‍ പറയുന്നു. ഇതുകൂടാതെ ജീവനക്കാരുടെ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ എന്നിവ വഴിയും നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. രേഖകളും കരാറുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിബിസി ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയെന്നും ഐടി വകുപ്പ് ആരോപിച്ചു.