ഉത്തരേന്ത്യയിലെ ചൂടിന് ആശ്വാസമായി മഴ എത്തി. വ്യാഴാഴ്‌ച രാവിലെ മുതൽ രാജ്യതലസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ രാജ്യത്തുടനീളം കാലാവസ്ഥയിൽ മാറ്റം കണ്ടുതുടങ്ങി.
ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) ഭാഗമായ നോയിഡയിലും ഗാസിയാബാദിലും മഴ അതിശക്തമായാണ് പെയ്തത്. അക്ഷാംശത്തിൻ്റെ വടക്ക് ഭാഗത്തേക്ക് നീങ്ങുന്ന കാലവർഷ വ്യതിയാനങ്ങൾ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
പ്രധാനമായും മേഘാവൃതമായ ആകാശവും മിതമായ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അടുത്ത മൂന്ന് ദിവസങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ എത്തുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഡൽഹി-എൻസിആറിലെ മഴ മൺസൂണിന് മുമ്പുള്ള മഴയാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ മൺസൂൺ എത്താൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറഞ്ഞു. ഡൽഹിയിൽ മൺസൂൺ എത്തുമെന്ന് ഐഎംഡി പ്രവചിച്ചിട്ടില്ലെങ്കിലും, ജൂൺ 27 നും 29 നും ഇടയിൽ ഇത് സാധാരണയായി ദേശീയ തലസ്ഥാനത്ത് പ്രവേശിക്കും.
2023-ലും 2022-ലും സാധാരണയായി കാണപ്പെട്ടിരുന്നതിനും അധികം ചൂടാണ് ഈ മാസം അനുഭവപ്പെട്ടത്. ഉഷ്ണ തരംഗവും ചൂട് വർദ്ധിച്ചതോടെ ഉയർന്ന മരണ സംഖ്യയുമെല്ലാം പേടിപ്പെടുത്തുന്നതായിരുന്നു. അതിനാൽ തന്നെ ഇപ്പോൾ ലഭിക്കുന്ന മഴയിൽ ആശ്വാസം കണ്ടെത്തുകയാണ് നഗരം.