ഡൽഹി, പഞ്ചാബ് ഉൾപ്പെടെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നു. മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജനുവരി ഒന്നിന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി രണ്ടിന് രാവിലെ വരെ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
പഞ്ചാബിൽ ജനുവരി 2മുതൽ 4 വരെയും ഹരിയാനയിൽ ജനുവരി 1മുതൽ 4 വരെയും ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ജനുവരി 1 വരെയും ചില പ്രദേശങ്ങളിൽ ശൈത്യം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. വടക്കേ ഇന്ത്യയിൽ, 2024 ജനുവരി ആദ്യ വാരത്തിൽ താപനില 9 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള താഴ്ന്ന നിലയിലുള്ള കിഴക്കൻ കാറ്റ് കാരണം ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ജനുവരി 1-3 വരെ നേരിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചിരുന്നു.
മഞ്ഞുവീഴ്ച വർദ്ധിച്ച സാഹചര്യത്തിൽ നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും ഗൗതം ബുദ്ധ് നഗറിലെയും സ്‌കൂളുകൾ നേരത്തെ അടച്ചിരുന്നു. രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ചില പ്രദേശങ്ങളിൽ ഈ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡിസംബർ 31ന് അറിയിച്ചു.