ദില്ലിയിൽ പുതുവത്സര ആഘോഷങ്ങൾക്കിടെ യുവാക്കൾ സഞ്ചരിച്ച കാർ ഇടിപ്പിച്ച് സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ കിലോമീറ്ററുകൾ വലിച്ചിഴച്ച് കൊലപ്പെടുത്തി. യുവാക്കൾ അഞ്ച് പേരും മദ്യപിച്ചിരുന്നു. കാറിൻറെ ചക്രത്തിൽ യുവതിയുടെ വസ്ത്രം കുടുങ്ങുകയും കിലോമീറ്ററുകളോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കാർ മുന്നോട്ടുപോവുകയും ചെയ്തു. സംഭവ സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചു. യുവതിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. യുവതി പീഡിപ്പിക്കപെട്ടിട്ടില്ല എന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം ആണെന്നും പൊലീസ് അറിയിച്ചു. അതിനിടെ, ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വിഷയം മനസിലാക്കി കമ്മീഷനുമുന്നിൽ ഹാജരാകാൻ ഡൽഹി പോലീസിന് സമൻസ് അയച്ചു.
ഡൽഹിയിലെ രോഹിണിയിൽ ഞായറാഴ്ച പുലർച്ചെ 3.30ഓടെയാണ് സംഭവം. പുലർച്ചെ നാല് മണിയോടെ യുവതിയുടെ നഗ്ന ശരീരം റോഡിൽ കിടക്കുന്നതായി പോലീസ് സ്‌റ്റേഷനിലേക്ക് വിവരം ലഭിക്കുന്നത്. പിന്നാലെ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറെൻസിക് സംഘവും സംഭവ സ്ഥലം പരിശോധിച്ചു. മൃതദേഹം മംഗോൾപുരിയിലെ എസ്ജിഎം ആശുപത്രിയിലേക്ക് മാറ്റി കാറിന്റെ ഉടമയെ തിരിച്ചറിയുകയും സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിവാഹ ചടങ്ങുകളിലും മറ്റും 23 കാരിയായ ഈ പെൺകുട്ടി പാർട്ട് ടൈം ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച അത്തരത്തിലുള്ള ഒരു ചടങ്ങിൽ പങ്കെടുത്ത് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.