എൻസിപി അധ്യക്ഷനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. മുംബൈയിലെ സിൽവർ ഓക്ക് വസതിയിൽ വച്ചാണ് അദാനി ശരദ് പവാറിനെ കണ്ടത്.
ഹിൻഡൻബർഗ് റിപ്പോർട്ട് വിഷയത്തിൽ ശരദ് പവാർ അടുത്തിടെ അദാനിയെ പിന്തുണച്ച് എത്തിയിരുന്നു.
സഭയിൽ 19 പ്രതിപക്ഷ പാർട്ടികൾ അദാനി വിഷയത്തിൽ മോദി സർക്കാരിനെതിരെ അഴിമതി ആരോപിച്ചു. സഭയ്ക്കകത്തും പുറത്തും രാഹുൽ ഗാന്ധി ഈ വിഷയത്തിൽ സർക്കാരിനെ നിരന്തരം ഉപരോധിക്കുന്നതും കാണാമായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ശരദ് പവാർ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.
അദാനി-ഹിൻഡൻ ബർഗ് വിവാദത്തിൽ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണണെന്ന പ്രതിപക്ഷ ആവശ്യത്തെ എതിർക്കില്ലെന്നാണ് ശരദ് പവാർ പറഞ്ഞത്. യുഎസ് ധനകാര്യ സ്ഥാപനമായ ഹിൻഡൻബർഗിനെ കുറിച്ച് മുൻപ് കേട്ടിട്ടുണ്ടായിരുന്നില്ലെന്നും ഒരു പ്രത്യേക വ്യവസായ ഗ്രൂപ്പിനെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നും ശരദ് പവാർ പറഞ്ഞിരുന്നു.